ഓർമകളും ചിന്തകളും ഒരുമിക്കുമ്പോൾ ....
ഓണം, ഓർമകളിലെഓണം… ഓണ പരീക്ഷ കഴിഞ്ഞു പുസ്തകസഞ്ചിച്ചുഴറ്റിയെറിഞ്ഞ് നാട്ടിലേക്കുള്ള പുറപ്പാട്! അവിടെ ഞങ്ങളുടെ വരവും കാത്തിരിക്കുന്ന അമ്മമ്മ,ചാച്ഛൻ,മാമ,മുത്തശ്ശി, വല്യച്ഛൻ, ചെറിയച്ഛൻ, വല്യമ്മ, ചേച്ചിമാർ, ഏട്ടൻ, കാലങ്ങൾ പിന്നിട്ടപ്പോൾ അമ്മായി, മക്കൾ. നഗരത്തിന്റെ തിക്കുംതിരക്കിൽനിന്നൊരു മോചനം. വിലക്കുകളില്ല, തോന്നിവാസങ്ങൾക്കെല്ലാം കൂട്ടുനില്ക്കുന്ന ബന്ധുക്കൾ, സ്നേഹിക്കാൻമാത്രംഅറിയാവുന്നനാട്ടുകാർ,ഓണപ്പൂവിളിയുടെ അകമ്പടിയോടെ കൂട്ടുകാരോത്ത് പറമ്പിലും പാടത്തും ഓടിനടന്ന് പൂക്കൂടക്കുള്ളിൽ സ്ഥലമുണ്ടാക്കാൻ വേണ്ടി പൂക്കുട്ടവീശിവീശി തുമ്പപ്പൂനിറക്കുന്നകാലം, പടുത്തുയർത്തിയവേലിമുകളിൽ പൂത്തുനിൽക്കുന്ന കോളാമ്പി പൂക്കൾ, കാവിപൂശിയ വിശാലമായ ഉമ്മറത്ത് ഒരു ചാരുകസേര മാത്രം, സോഫയോ സെറ്റിയോ കൊണ്ട് നിറക്കാത്ത ഉമ്മറത്തിനു ചുറ്റും പടുത്തുയർത്തിയ തിണ്ണ അതിഥികൾക്കും കുശലം പറയാനെത്തുന്ന വഴിപോക്കർക്കും സ്വാഗതമരുളി. അരിമാവുകൊണ്ട് അണി ഞ്ഞ കാവി നിലത്തിൽ മണ്ണുകുഴച്ചുണ്ടാക്കുന്ന തൃക്കാക്കരഅപ്പന്മാർക്കു നിറുകയിൽ കുത്തിനിർത്തിയ ചെമ്പരത്തിപ്പൂക്കളും തുളസ്സിക്കതിരുകളും തെച്ചിപ്പൂക്കളും മഞ്ഞക്കോളാമ്പികളും, ഇന്നും ഓർക്കുമ്പോൾ മനസ്സിനു കുളിർമ്മ. കണക്കൊന്നും ഓർമയില്ല, മൂലത്തിനാണെന്നു തോന്നുന്നു ആദ്യത്തെ സംഘം തൃക്കാക്കരപ്പന്മാരുടെ വരവ്, പിന്നെ എണ്ണം ദിവസം തോറും കൂടും. മാതേവരുടെ സൃഷ്ടിയാണു ഗംഭീരം, തൊഴുതിന്റെഒരുവശത്ത് അരിച്ചിട്ട പൊടിമണ്‍കൂനക്കുമുന്നിൽ അമ്മമ്മക്കൊപ്പം കുന്തിച്ചിരുന്നു മാതേവര്ക്ക് പീഠമുണ്ടാക്കൽ എന്റെ ജോലിയാണ്. മാതേവരെ പീഠത്തിൽ പ്രതിഷ്ടിച്ചു കഴിഞ്ഞാൽ അരമണിയുണ്ടാക്കി (മണ്ണിൻറെ ചെറിയ മണികൾ) അലങ്കരിക്കും. അരിമാവു ശിരസ്സിലൂടെ ഒഴിച്ച്, തുളകൾ ഉണ്ടാക്കി പച്ച ഈർക്കിലയിൽ കുത്തിയചെമ്പരത്തിയും മഞ്ഞക്കോളാമ്പികളും കുത്തിവെച്ച് അലങ്കരിച്ച മാതേവരും തൃക്കാക്കരപ്പന്മാരും നിരന്നിരിക്കുന്ന പൂമുഖത്ത് ചാരുകസേരയിലിരുന്ന് ആരുംഞ്ഞെട്ടിയും കളഞ്ഞ വെറ്റിലയിൽ ചുണ്ണാമ്പ്പുരട്ടി കളിയടക്ക കൂട്ടി മുറുക്കുന്ന മുത്തച്ഛന്റെ ‘തങ്കൂ’ ന്നുള്ള വിളിക്കു കാതോര്ക്കാത്ത ഓണക്കാലം ഒരുപാടു കടന്നുപോയി. തീർന്നില്ല, നിവേദ്യത്തിനുള്ള പൂവടയും അപ്പവും വരുന്നേയുള്ളൂ! നിവേദ്യം കഴിയലും കിണ്ടിയുടെ അരികിലിരിക്കുന്ന കുട്ടിനാക്കില തെച്ചിപൂവും തുളസിപൂവും അടക്കം പൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമാകും. മാതേവരും ഞാൻതന്നെ! പൂരാടവാണിഭവും പുലിക്കളികളുടെവരവും എടപ്പാളിന്റെ മാത്രം പ്രത്യേകതയാണെന്നു തൊന്നുന്നു.
പച്ചക്കറികളും വാഴക്കുലകലുമയി വരുന്ന പണിക്കാർക്ക്
സമ്മാനിക്കാൻ ഓണപ്പുടവകൾ, ഉരുളിയിൽ വരളുന്ന ശർക്കര ഉപ്പേരി, പത്തായം നിറഞ്ഞുകവിയുന്ന നെല്ല്, കൽചട്ടിയിൽ കുറുകുന്ന പുളിഇഞ്ചി, വെള്ളം കോരാൻ ഉപയോഗിച്ചിരുന്ന തുടിക്കുള്ളിലെ
മിനുക്കിയ മരക്കഷ്ണത്തിന്റെ താളം (ചെണ്ടയുടെ ആകൃതിയായിരുന്നു ആ തുടിക്ക്) ഒക്കെ ഇന്നലെ എന്നപോലെ ഓർമയിൽ ഓടിയണയുന്നു!
നമ്മുടെ മാതാപിതാക്കൾക്ക് ഈ നല്ല സുദിനങ്ങൾ
നമുക്കു സമ്മാനിക്കാൻ കഴിഞ്ഞു.
നമുക്കോ??